ഹോക്കിയിലെഇന്ത്യൻ റോമിയോ

1982ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഗോളിയും 1994 ഏഷ്യൻ ഗെയിംസിൽ വെള്ളി  നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനുമാണ് റോമിയോ ഡിസൂസ. 1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ  അഞ്ചാം സ്ഥാനം  നേടിയ ഇന്ത്യൻ ടീമിന്റെ വലകാത്തതും റോമിയോയാണ്. സർവീസസ്,ഭാരത് പെട്രോളിയം ടീമുകളുടെയും പരിശീലകനായിരുന്ന റോമിയോ ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പിംഗ് സ്പെഷ്യൽ കോച്ചുമായിരുന്നിട്ടുണ്ട്. രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ച റോമിയോ ജെയിംസ് ഒളിമ്പിക് മാഗസിനോട് മനസുതുറക്കുന്നു… 

ഇനിയും തിളങ്ങും ഇന്ത്യൻ ഹോക്കി

കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും വെങ്കലമെഡൽ നേടാനായത് ഇന്ത്യൻ ഹോക്കി ടീമിന്റെ പഴയ പ്രൗഡിയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ്. ഇടക്കാലത്ത് നമ്മൾ ഒന്ന് പിന്നോട്ടുപോയിരുന്നു. ഒരു പക്ഷേ ആ തിരിച്ചടികൾ നൽകിയ പാഠമാകാം വീണ്ടും ഒളിമ്പിക് മെഡലിലേക്ക് എത്താൻ കാരണം. 1980ൽ മോസ്കോയിലാണ് അവസാനമായി ഇന്ത്യ  ഹോക്കിയിൽ  ഒളിമ്പിക്സ് സ്വർണം നേടിയത്. അതിനുശേഷമാണ് ഞാൻ ഇന്ത്യൻ ടീമിലേക്ക്  എത്തുന്നത്.  ഞങ്ങൾ  അഞ്ചാം സ്ഥാനത്താണ് ലോസാഞ്ചലസിൽ ഫിനിഷ് ചെയ്തത്. പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ട  സ്ഥാനത്ത് ഫിനിഷ്  ചെയ്യാൻ കഴിഞ്ഞത് 2021ൽ ടോക്യോയിലാണ്.

നല്ല കളിക്കാരുണ്ട്,  കോച്ചുമാരും

നല്ല കളിക്കാർ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യ ഹോക്കിയിൽ പിന്നാക്കം പോയതെന്ന് പറയാനാവില്ല. ദിലീപ് തിർക്കിയും ധൻരാജ് പിള്ളയുമൊക്കെ വിരമിച്ച ശേഷവും മികച്ച കളിക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. കളിക്കാരെ മികച്ച ടീമായി മാറ്റിയെടുക്കാൻ കഴിഞ്ഞാലേ ഹോക്കി പോലുള്ള ടീം ഇവന്റുകളിൽ വിജയിക്കാനാകൂ. അതിന് ആവശ്യമായ മികച്ച പരിശീലകരും ഇവിടെയുണ്ട്. വിദേശത്തുനിന്ന് പരിശീലകരെയെത്തിച്ചാൽ അവർക്ക് ഇന്ത്യൻ സാഹചര്യങ്ങൾ മനസിലാക്കാൻ കഴിയണമെന്നില്ല.  

മാനുവലിന്റെ ശിഷ്യൻ, ശ്രീജേഷിന്റെ ഗുരു

ഇന്ത്യൻ ഹോക്കിയിൽ മികവ് തെളിയിച്ച രണ്ട് ഒളിമ്പിക്സ് മെഡലിസ്റ്റുകളുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. 1972 ഒളിമ്പിക്സിലെ വെങ്കലമെഡലിസ്റ്റായ മാനുവൽ ഫ്രെഡറിക്ക് ജൂനിയർ തലത്തിൽ എന്റെ ഗുരുവായിരുന്നു. പോസ്റ്റിന് കീഴിൽ ആരെയും ഭയക്കാത്ത പോരാളിയായിരുന്നു മാനുവൽ സാർ. ഞാൻ ജൂനിയർ ടീം കോച്ചായിരിക്കുമ്പോഴാണ് ശ്രീജേഷ് ദേശീയ തലത്തിലേക്ക് ഉയരുന്നത്. സാഹചര്യങ്ങളെ മനസിലാക്കി അതിവേഗം തീരുമാനമെടുക്കാനുള്ള  കഴിവാണ് ശ്രീജേഷിൽ ഞാൻ കാണുന്ന ഏറ്റവും വലിയ ഗുണം. ശ്രീജേഷ് കോച്ചിംഗിലേക്ക് വന്നത് കൂടുതൽ യുവപ്രതിഭകൾക്ക് വഴിയൊരുക്കും.

ബൽജിത്തിന്റെ കണ്ണ് ഇന്നും വേദനിപ്പിക്കുന്നു

എന്റെ മനസിൽ നിന്ന് മായാത്ത, ഇപ്പോഴും സങ്കടം തീരാത്ത സംഭവമാണ് 2009 ഇന്ത്യൻ ടീമിന്റെ  പരിശീലന ക്യാമ്പിൽവച്ച് ഗോൾകീപ്പർ ബൽജിത്തിന്റെ വലതുകണ്ണ് പന്തുകൊണ്ട് മാരകമായി മുറിവേറ്റ് കാഴ്ചനഷ്ട‌പ്പെട്ടത്. അന്ന് ഞാൻ ഗോൾകീപ്പിംഗ് കോച്ചായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ കീപ്പറായി ബൽജിത്ത് മിന്നിനിൽക്കുന്നു. കൂടുതൽ കൃത്യത കിട്ടാനായി ഗോൾഫ് പന്തുകൾ ഉപയോഗിച്ചാണ് അന്ന് ഗോൾകീപ്പിംഗ് പ്രാക്ടീസ് നടത്തിയത്. പക്ഷേ ഹോക്കിയിൽ ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ വിടവിലൂടെ കടന്നുപോയ ഒരു ഷോട്ട് ബൽജിത്തിന്റെ വലംകണ്ണിന്റെ കാഴ്ചതകർത്തുകളഞ്ഞു. ആ നിമിഷം ഞാൻ ഷോക്കേറ്റതുപോലെയായി. ഒരു കളിക്കാരന്, പ്രത്യേകിച്ച് ഗോളിക്ക് ഏറ്റവും നിർണായകം കാഴ്ചയാണ്. കളിക്കാരനെന്ന നിന്ന ബൽജിത്തിന്റെ അസ്തമനത്തിനാണ് ഞാൻ സാക്ഷിയായത്. ആ സങ്കടം ഇന്നും മാറിയിട്ടില്ല. ബൽജിത്തിനോട് സങ്കടം പങ്കുവയ്ക്കുമ്പോൾ വിധിയല്ലേ സാറെന്നുപറഞ്ഞ് സമാശ്വസിപ്പിക്കും. ചികിത്സയിലൂടെ കാഴ്ചശക്തി ഭാഗികമായെങ്കിലും വീണ്ടെടുത്ത് ബൽജിത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കീപ്പിംഗ് കോച്ചായെത്തിയപ്പോഴാണ് മനസിന് അൽപ്പമെങ്കിലും ആശ്വാസമായത്.  

More From Author

ദ വിന്നർ ഈസ്, കാർലോസ്

കായികലോകം കയ്യടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – കെ .എസ്  രവിശങ്കർ