ദ വിന്നർ ഈസ്, കാർലോസ്

സീസണിലെ അവസാന ഗ്രാൻസ്ളാമായ യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് യുവതാരം കാർലോസ് അൽക്കാരസും വനിതാ കിരീടം ബെലറൂസുകാരി അര്യാന സബലേങ്കയും സ്വന്തമാക്കി. ഗ്രാൻസ്ളാം ഫൈനലുകളിലെ സ്ഥിരം എതിരാളിയായ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറെ കീഴടക്കിയാണ് കാർലോസ് ന്യൂയോർക്കിൽ വിന്നറായത്. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ ഗ്രാൻസ്ളാം ഫൈനലുകളിലും കാർലോസോ സിന്നറോ ആണ് വിന്നറായിക്കൊണ്ടിരിക്കുന്നത്. പുരുഷ ടെന്നിസിലെ പുതിയ രാജാക്കന്മാരായി ഇരുവരും വിരാജിക്കുന്ന കാഴ്ചയോടെയാണ് ഈ ഗ്രാൻസ്ളാം സീസണിനും കൊടിയിറങ്ങുന്നത്. ഈ കിരീടനേട്ടത്തോടെ സിന്നറിൽ നിന്ന് കാർലോസ് എ.ടി.പി റാങ്കിംഗിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.

വനിതാ ടെന്നിസിൽ പുതിയ പെൺപുലി അമാൻഡ അനിസിമോവയെ കീഴടക്കിയാണ് സബലേങ്കയുടെ കിരീടധാരണം. 45-ാം വയസിൽ വീനസ് വില്യംസിന്റെ കോർട്ടിലേക്കുള്ള തിരിച്ചുവരവിനും നയോമി ഒസാക്കയുടെ മടങ്ങിവരവിനും ഇത്തവണ യു.എസ് ഓപ്പൺ സാക്ഷ്യം വഹിച്ചു. 25-ാം ഗ്രാൻസ്ളാമിനായുള്ള നൊവാക്ക് ജോക്കോവിച്ചിന്റെ കാത്തിരിപ്പ് നീളുന്നതും കണ്ടു. മൈക്കേൽ വീനസിനൊപ്പം പുരുഷ ഡബിൾസിൽ യുകി ബാംബ്രി സെമിഫൈനലിലെത്തിയതാണ് ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള നേട്ടം. മിക്സഡ് ഡബിൾസ് മത്സരങ്ങൾ സിംഗിൾസ് താരങ്ങൾക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിൽ പ്രധാന ടൂർണമെന്റിന് മുമ്പ് നടത്തിയതും ഇത്തവണത്തെ യു.എസ് ഓപ്പണിന്റെ പ്രത്യേകതയാണ്.

ഈ വർഷം സിന്നറും അൽക്കാരസും ഏറ്റുമുട്ടിയ തുടർച്ചയായ മൂന്നാം ഗ്രാൻസ്ളാം ഫൈനലായിരുന്നു യു.എസ് ഓപ്പണിലേത്. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മനോഹരമായൊരു എയ്സിലൂടെയാണ് 22കാരനായ കാർലോസ് വിജയം കുറിച്ചത്. സ്കോർ : 6-2,3-6,6-1,6-4.

ഫ്രഞ്ച് ഓപ്പണിൽ കാർലോസ് വിജയിച്ചപ്പോൾ വിംബിൾഡണിൽ കിരീ‌മുയർത്തിയത് സിന്നറായിരുന്നു. യു.എസ് ഓപ്പൺ ഫൈനലിൽ ആദ്യ സെറ്റിൽ കാർലോസും രണ്ടാം സെറ്റിൽ സിന്നറും വിജയിച്ചതോടെ അന്തരീക്ഷം പിരിമുറുക്കമാർന്നെങ്കിലും അടുത്ത രണ്ട് സെറ്റുകൾ നേടിയെടുത്ത് കാർലോസ് ഈ വർഷത്തെ തന്റെ രണ്ടാം ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിട്ടു. രണ്ട് മണിക്കൂർ 42 മിനിട്ടാണ് ഫൈനൽ മത്സരം നീണ്ടത്. കാർലോസിന്റെ രണ്ടാം യു.എസ് ഓപ്പൺ കിരീടവുമാണിത്. ഇതോടെ ഓപ്പൺ കാലഘട്ടത്തിൽ മൂന്ന് ഗ്രാൻസ്ളാം ഗ്രാൻസ്ളാം കിരീ‌ടങ്ങൾ രണ്ടുതവണ വീതമെങ്കിലും നേടിയ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക്ക് ജോക്കോവിച്ച്, പീറ്റ് സാംപ്രസ്, ഇവാൻ ലെൻഡൽ,സ്റ്റെഫാൻ എഡ്ബർഗ് എന്നിവരുടെ നിരയിലേക്ക് കാർലോസും ഉയർന്നു.

സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം നിലനിർത്തുന്ന ആദ്യ താരമെന്ന റെക്കാഡോടെയാണ് അര്യാന സബലേങ്ക ചാമ്പ്യനായത്. 2012,13,14 സീസണുകളിലായിരുന്നു സെറീന തുടർച്ചയായി യു.എസ് ഓപ്പൺ കിരീടം നേടിയത്. ഫൈനലിൽ യു.എസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സബലേങ്ക കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടത്.സ്കോർ 6-3,7-6.

ഇടയ്‌ക്കൊന്ന് കാലിടറിയെങ്കിലും പതറാതെ പൊരുതിയാണ് നിറഞ്ഞ് കവിഞ്ഞ ഇരുത്തി അയ്യായിരത്തോളം കാണികളെ സാക്ഷി നിറുത്തി ആർതർ ആഷെ സ്റ്റേഡിയത്തിൽ അനിസിമോവയെ സബലേങ്ക വീഴ്‌ത്തിയത്. ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫൈനലിൽ കാലിടറിയ സബലേങ്ക യു.എസ് ഓപ്പണിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ചാമ്പ്യൻപട്ടം സ്വന്തമാക്കുകയായിരുന്നു. അനിസിമോവ തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഫൈനലിലാണ് ഇടറി വീഴുന്നത്. കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ ഒരു ഗെയിം പോലും നേടാനാകാതെ പോളിഷ് താരം ഇഗ ഷ്വാംടെക്കിനോടാണ് അനിസിമോവ തോറ്റത്. എന്നാൽ യു.എസ് ഓപ്പൺ കലാശപ്പോരാട്ടത്തിൽ നല്ല പ്രകടനം പുറത്തെടുത്താണ് അനിസിമോവ പൊരുതി തോറ്റത്. മഴമൂലം ആർതർ ആഷെ സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചാണ് ഫൈനൽ നടന്നത്.

More From Author

ഇന്ത്യൻ വനിതാ ഇടി മുഴക്കം

ഹോക്കിയിലെഇന്ത്യൻ റോമിയോ