ബിഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കിരീടം നേടി ഇന്ത്യൻ ടീം. ഫൈനലിൽ ദക്ഷിണകൊറിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.ഇതോടെ അടുത്ത വർഷം ബെൽജിയത്തിലും ഹോളണ്ടിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യതയും ലഭിച്ചു.
ഇത് നാലാം തവണയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഏഷ്യാകപ്പ് നേടുന്നത്. 2003,2007,2017 വർഷങ്ങളിലായിരുന്നു
ഇന്ത്യ ഇതിനുമുമ്പ് കപ്പുയർത്തിയിരുന്നത്. 2022ൽ ജക്കാർത്തയിൽ നടന്ന കഴിഞ്ഞ ഏഷ്യാകപ്പിലെ ചാമ്പ്യന്മായിരുന്നു ദക്ഷിണകൊറിയ. 2007ൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഫൈനലിൽ തോൽപ്പിച്ചിരുന്നത് കൊറിയയെയാണ്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്ക് ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.പെനാൽറ്റി കോർണറുകളിൽ നിന്ന് ഹാട്രിക് നേടിയ നായകൻ ഹർമൻ പ്രീത് സിംഗിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. 16-ാം മിനിട്ടിൽ ആദ്യ ഗോളടിച്ചത് ചൈനയാണ്. എന്നാൽ 18-ാം മിനിട്ടിൽ ജുഗ്‌രാജ് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു. 20-ാം മിനിട്ടിലെ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു. 33-ാം മിനിട്ടിൽ ഹർമൻപ്രീതിന്റെ അടുത്ത ഗോളും പിറന്നു. എന്നാൽ 35-ാം മിനിട്ടിലും 42-ാം മിനിട്ടിലും ചൈനീസ് താരങ്ങൾ സ്കോർ ചെയ്തതോടെ കളി 3-3ന് സമനിലയിലായി.47-ാം മിനിട്ടിൽ ഹാട്രിക് ഗോളിലൂടെയാണ് ഹർമൻപ്രീത് ഇന്ത്യയ്ക്ക് വിജയം നൽകിയത്.
ജപ്പാനെതിരെ നടന്ന രണ്ടാം മത്സരത്തിൽ 3-2ന് ഇന്ത്യ വിജയം നേടി.ഹർമൻപ്രീത് ഇരട്ട ഗോളുകൾ നേടിയപ്പോൾ മൻദീപ് ഒരുഗോളടിച്ചു. പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ കസാഖിസ്ഥാനെ മറുപടിയില്ലാത്ത 15 ഗോളുകൾക്കാണ് തകർത്തത്. അഭിഷേക് നാലുഗോളുകളും സുഖ്ജിത്ത് സിംഗ്,ജുഗ്‌രാജ് സിംഗ് എന്നിവർ മൂന്നുഗോളുകൾ വീതവും നേടി.ഹർമൻപ്രീത്,അമിത് രോഹിദാസ്,രജീന്ദർ,സഞ്ജീവ്,ദിൽപ്രീത് എന്നിവർ ഓരോ ഗോളടിച്ചു.സൂപ്പർ ഫോർ റൗണ്ടിൽ ദക്ഷിണകൊറിയയോട് 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.മലേഷ്യയെ 4-1നും ചൈനയെ 7-0ത്തിനും തോൽപ്പിച്ചതോടെയാണ് ഫൈനലിലേക്ക് കടന്നത്. ഫൈനലിൽ ദിൽപ്രീത് ഇരട്ട ഗോളുകൾ നേടിയപ്പോൾ സുഖ്ജീതും അമിതും ഓരോ ഗോൾ നേടി ഇന്ത്യയ്ക്ക് 4-1ന്റെ കിരീടവിജയമൊരുക്കി. ചൈനയെ തോൽപ്പിച്ച് മലേഷ്യ മൂന്നാം സ്ഥാനം നേടി.
ടൂർണമെന്റിലാകെ ആകെ ഗോളുകൾ നേടിയ ഇന്ത്യൻ ഫോർവേഡ് അഭിഷേക് നയിനാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് സിംഗും സുഖ്ജീത് സിംഗും ആറുഗോളുകൾ നേടിയിരുന്നു.12 ഗോളുകൾ നേടിയ മലേഷ്യൻ താരം അഖീമുള്ള അന്വാറാണ് ടോപ്സകോറർ. മലേഷ്യയുടെ ജെഫ്രിനസ് മികച്ച യുവതാരമായും കൊറിയയുടെ കിം ജെയ്‌ഹ്യൂൻ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.




