സ്വന്തം മണ്ണിൽ ആദ്യമായി ലോകകപ്പ് കിരീടം തേടി പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷകളെല്ലാം ഓപ്പണറും വൈസ് ക്യാപ്ടനുമായ സ്മൃതി മാന്ഥനയിലാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന ഓസീസിനെതിരായ ത്രിമത്സര പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന ഫോമിലാണ് സ്മൃതി. ഈ വർഷം ഇതുവരെ നാലുസെഞ്ച്വറികൾ വിവിധ ഫോർമാറ്റുകളിൽ നേടിക്കഴിഞ്ഞ ഇടംകൈ ബാറ്ററായ സ്മൃതി ഈ ഫോം നിലനിറുത്തുകയും ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ഹർമൻ ഡിയോൾ, ദീപ്തി ശർമ്മ തുടങ്ങിയ താരങ്ങൾ മികച്ച പിന്തുണനൽകുകയും ചെയ്താൽ ലോകകപ്പ് ഇന്ത്യയ്ക്ക് ബാലികേറാമലയല്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ 58 റൺസ് നേടിയിരുന്ന സ്മൃതി രണ്ടാം ഏകദിനത്തിൽ 117 റൺസും മൂന്നാം ഏകദിനത്തിൽ 125 റൺസുമാണ് നേടിയത്. മൂന്നാം ഏകദിനത്തിൽ 50 പന്തുകളിൽ 100ലെത്തിയ സ്മൃതി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരവുമായി. 52 പന്തിൽ ഏകദിന സെഞ്ച്വറി തികച്ച സാക്ഷാൽ വിരാട് കൊഹ്ലിയുടെ റെക്കാഡാണ് വിരാടിനെപ്പോലെ 18-ാം നമ്പർ കുപ്പായമണിയുന്ന സ്മൃതി തകർത്തത്. 2013ൽ ഓസ്ട്രേലിയക്കെതിരേ തന്നെയാണ് വിരാടും റെക്കാഡ് സെഞ്ച്വറി കുറിച്ചത്.
ടെസ്റ്റ്, ഏകദിനം,ട്വന്റി-20 എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററാണ് സ്മൃതി. ഈ വർഷം ജൂണിൽ നോട്ടിംഗ്ഹാമിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു ട്വന്റി-20യിലെ സെഞ്ച്വറി. ഇന്ത്യൻ ക്രിക്കറ്റിൽ ട്വന്റി-20 ഫോർമാറ്റിൽ സെഞ്ച്വറിയടിച്ച മറ്റൊരു വനിതാ താരമില്ല.
വരുന്നു വനിതാ ലോകകപ്പ്
ദുബായ്യിലെ ഏഷ്യാകപ്പ് പുരുഷ ക്രിക്കറ്റിനൊപ്പം വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ തിരക്കുകളിലേക്കും കടക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. സെപ്തംബർ 30നാണ് ഇന്ത്യ മുഖ്യ ആതിഥേയരായ 13-മത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയുന്നത്. പാകിസ്ഥാന്റെയും ശ്രീലങ്കയുടേയും മത്സരങ്ങളുടെ വേദി ലങ്കയിലെ കൊളംബോയാണ്.
ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ,ബംഗ്ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രി, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിങ്ങനെ എട്ടുരാജ്യങ്ങളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്. ഒക്ടോബർ 29, 30 തീയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ നവംബർ രണ്ടിന്. നവി മുംബയ്, ഗോഹട്ടി,വിശാഖപട്ടണം,ഇൻഡോർ, കൊളംബോ എന്നിവയാണ് ലോകകപ്പ് വേദികൾ. ആദ്യം ബംഗളുരുവാണ് മത്സരവേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ആർ.സി.ബിയുടെ വിജയാഹ്ളാദത്തിനിടയിലെ ദുരന്തം കാരണം വേദി മാറ്റേണ്ടിവന്നു. ഇവിടെ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റാൻ നീക്കം നടന്നെങ്കിലും നവി മുംബയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
സെപ്തംബർ 30ന് ഗോഹട്ടിയിൽ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 5ന് കൊളംബോയിലാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരം.
ഇന്ത്യയുടെ മത്സരങ്ങൾ
- സെപ്തംബർ 30, ഗോഹട്ടി Vs ശ്രീലങ്ക
- ഒക്ടോബർ 5, കൊളംബോ Vs പാകിസ്ഥാൻ
- ഒക്ടോബർ 9, വിസാഗ് Vs ദക്ഷിണാഫ്രിക്ക
- ഒക്ടോബർ 12, വിസാഗ് Vs ഓസ്ട്രേലിയ
- ഒക്ടോബർ 19, ഇൻഡോർ Vs ഇംഗ്ളണ്ട്
- ഒക്ടോബർ 23, നവി മുംബയ് Vs ന്യൂസിലാൻഡ്
- ഒക്ടോബർ 26, നവി മുംബയ് Vs ബംഗ്ളാദേശ്




