കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം എഡിഷന് കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ കിരീടധാരണത്തോടെ കൊടിയിറങ്ങി. നിലവിലെ ചാമ്പ്യന്മാരായിരുന്ന കൊല്ലം സെയ്‌ലേഴ്സിനെയാണ് കൊച്ചി ഫൈനലിൽ തോൽപ്പിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതൽ ഒരേ മികവ് കാഴ്ചവച്ച ടീമിന്റെ കൈകളിലേക്കു തന്നെയാണ് കിരീടമെത്തിയത്. കൊച്ചിക്കും കൊല്ലത്തിനും പുറമേ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്, തൃശൂർ ടൈറ്റാൻസ് എന്നീ ടീമുകളാണ് സെമിഫൈനലിലെത്തിയത്. ട്രിവാൻഡ്രം റോയൽസും ആലപ്പി റിപ്പിൾസും സെമിഫൈനൽ കാണാതെ പുറത്തായി. കെ.സി.എൽ 2ന്റെ വിശേഷങ്ങളിലേക്ക്…
ഫൈനലിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റൺസിന് കീഴടക്കിയാണ് കൊച്ചി ബ്ളൂ ടൈഗേഴ്സ് തങ്ങളുടെ ആദ്യ കെ.സി.എൽ കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊല്ലത്തെ 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാക്കിയായിരുന്നു കൊച്ചിയുടെ കിരീടജയം.
ബൗളിംഗിലും ഫീൽഡിംഗിലും മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ സലി സാംസണും ബാറ്റിംഗിൽ നിറഞ്ഞാടിയ വിനൂപ് മനോഹരനും ആൽഫി ഫ്രാൻസിസുമാണ് കൊച്ചിയുടെ ഫൈനൽ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയ്ക്ക് വിനൂപ് മനോഹരന്റെയും (30 പന്തിൽ 70), ആൽഫി ഫ്രാൻസിസിന്റെെയും (പുറത്താകാതെ 25 പന്തിൽ 47റൺസ്) ഉജ്ജ്വല ഇന്നിംഗ്‌സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ഒടുവിൽ അവസാന ഓവറുകളിൽ ആൽഫി തകർത്തടിച്ചാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.
മികച്ച വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊല്ലത്തിന്റെ ഓപ്പണർ ഭരത് സൂര്യയെ(6) ആദ്യ ഓവറിൽ തന്നെ പുറത്താക്കി സലി കൊച്ചിക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ അപകടകാരിയായ അഭിഷേക് നായരേയും (13) മടക്കി സലി കൊച്ചിക്ക് ആധിപത്യം നൽകി. അധികം വൈകാതെ വത്സൽ ഗോവിന്ദിനെ (10) പുറത്താക്കാൻ ആസിഫിന്റെ പന്തിൽ സലി എടുത്ത ക്യാച്ചും മനോഹരമായിരുന്നു. വമ്പനടിക്കാരായ ക്യാപ്ടൻ സച്ചിൻ ബേബി (17), വിഷ്‌ണു വിനോദ് (10), എം.എസ് അഖിൽ (2),രാഹുൽ ശർമ്മ(5), ഷറഫുദ്ദീൻ (6) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ കൊല്ലത്തിന്റെ പതനം പൂർത്തിയായി. ഒമ്പതാമനായി ഇറങ്ങി 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറർ. ജെറിൻ കൊച്ചിക്കായി 3വിക്കറ്റ് വീഴ്‌ത്തി. സലിയെ കൂടാതെ ആസിഫ്, ആഷിഖ് എന്നിവർ കൊച്ചിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
കൊച്ചിയുടെ വിജയ വഴി
താരലേലത്തിൽ ചെലവഴിക്കാവുന്ന തുകയുടെ പകുതിയിലേറെയും സഞ്ജു സാംസണിന് വേണ്ടി ചിലവഴിച്ചപ്പോൾ പലരും കൊച്ചി ബ്ളൂ ടൈഗേഴ്സിനെ നോക്കി നെറ്റിചുളിച്ചു. ടൂർണമെന്റിന്റെ പകുതിക്ക് വച്ച് ഇന്ത്യൻ ടീമിലേക്കുപോകുന്ന സഞ്ജുവിനെയും പിന്നെ കുറച്ചുപിള്ളേരെയും വച്ച് റെയ്‌ഫി വിൻസെന്റ് ഗോമസും സംഘവും എന്തുചെയ്യാനാണ് എന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യമുയർത്തിയവരെയൊക്കെ നിശബ്ദരാക്കിയാണ് ഗ്രീൻഫീൽഡിൽ സഞ്ജുവിന്റെ ചേട്ടൻ സലി സാംസൺ കൊച്ചിയുടെ കന്നി കെ.സി.എൽ കിരീടമുയർത്തിയത്.
പേരും പെരുമയും അധികമില്ലെങ്കിലും ട്വന്റി-20 ഫോർമാറ്റിൽ കട്ടയ്ക്ക് സഞ്ജുവിന്റെ കൂടെനിൽക്കുന്ന പുലിക്കുട്ടികളെത്തന്നെയാണ് റെയ്ഫിയും ടീമുടമകളും കളത്തിലിറക്കിയത്. യുവതാരങ്ങൾ മുതൽ ലീഗിലെ ഏറ്റവും പ്രായമേറിയ താരമായ കെ.ജെ രാകേഷ് വരെയുണ്ടായിരുന്ന ബ്ളൂ ടൈഗേഴ്സ് യുവത്വവും പരിചയസമ്പത്തും ഒത്തിണക്കിയാണ് ചരിത്രമെഴുതിയത്. സഞ്ജുവിനെയും സലിയേയും കൂട്ടിയിറങ്ങിയ കൊച്ചി ആദ്യമത്സരം മുതൽ തങ്ങളുടെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചു. പ്രാഥമികഘട്ടത്തിലെ 10 മത്സരങ്ങളിലെ എട്ടെണ്ണത്തിലും വിജയിച്ച് 16 പോയിന്റ് നേടി പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.സെമിയിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായിരുന്ന കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ 15 റൺസിനാണ് കൊച്ചി തോൽപ്പിച്ചത്.
പേസ് ബൗളിംഗ് ആൾറൗണ്ടറായ സലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ സഞ്ജു പ്രൊഫഷണൽ മത്സരത്തിൽ കളിച്ചത് ആദ്യമായിരുന്നു. ആറുമത്സരം കളിച്ച് അതിൽ അഞ്ചെണ്ണത്തിൽ ബാറ്റുമായിറങ്ങി ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 368 റൺസ് നേടിയ സഞ്ജു ടീമിന് സെമിയിലെത്താനുള്ള ശക്തമായ അടിത്തറയിട്ടാണ് മടങ്ങിയത്. തനിക്കു കിട്ടിയ പ്രതിഫലത്തുകയും സമ്മാനത്തുകകളും ടീമിലെ മികച്ച കളിക്കാർക്ക് സമ്മാനമായി വിതരണം ചെയ്തും സഞ്ജു മാതൃകയായി.
വിനൂപ് മനോഹരൻ, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ്, ജോബിൻ ജോബി,നിഖിൽ തോട്ടത്ത്, ജോൺ തുടങ്ങിയവരൊക്കെ ടീമിന് ആവശ്യമുള്ള സമയത്ത് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. സലി, കെ.ജെ രാകേഷ്, ജെറിൻ പി.എസ്, അഖിൽ കെ ജി, മുഹമ്മദ് ആഷിക് തുടങ്ങിയവരുടെ ബൗളിംഗ് പ്രകടനവും ടീമിന് കരുത്തായി.
ഒരേ സമയത്ത് കേരളത്തിനായി ഒരുമിച്ചുകളിച്ചവരുടെ കൂട്ടായ്മയായിരുന്നു കൊച്ചിയുടെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിൽ. റെയ്ഫിക്കൊപ്പം മുൻ രഞ്ജി താരം സി.എം ദീപക്ക് കോച്ചിംഗ് ഡയറക്ടറായുണ്ട്.സാനുത്ത് ഇബ്രാഹിം, എസ്.അനീഷ് ,റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ തുടങ്ങിയ കോച്ചിംഗിലെ സുഹൃദ്സംഘമാണ് സഞ്ജുവിനെയും യുവനിരയേയും മനോഹരമായി ബ്ളെൻഡ് ചെയ്തത്.
കൊച്ചി ബ്ളൂ ടൈഗേഴ്സ് സ്ക്വാഡ്
സലി വിശ്വനാഥ് (ക്യാപ്ടൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ.ജെ രാകേഷ്, അഖിൻ സത്താർ, കെ.എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ.ജി.
സഞ്ജുവിന് പകരം വന്നവർ : ജിഷ്ണു, അഖിൽ സജീവ്,മിഥുൻ പി.കെ,രോഹൻ നായർ,അനൂപ് ജി.
ടീമുടമ : സുഭാഷ് മാനുവൽ.
കാലിടറിയ കൊല്ലം
കഴിഞ്ഞ സീസൺ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ചേസ് ചെയ്ത് കീഴടക്കി കിരീടമണിഞ്ഞ കൊല്ലം സെയ്‌ലേഴ്സിന് ഇക്കുറി പ്രാഥമിക റൗണ്ടിലെ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. അവസാന ലീഗ് മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരേ ജയിച്ചില്ലെങ്കിൽ സെമിയിൽ കടക്കില്ലെന്ന സ്ഥിതിയിൽ നിന്നാണ് കിരീടത്തിൽ വീണ്ടും മുത്തമിട്ടത്. സെമിഫൈനലിൽ തൃശൂരിനെതിരെ നേടിയ ആധികാരിക ജയം മാത്രം മതിയായിരുന്നു കൊല്ലത്തിന്റെ കരുത്തറിയാൻ. ടൂർണമെന്റിൽ അതുവരെ ബാറ്റിംഗിൽ കരുത്തരായ തൃശൂരിനെ വെറും 86 റൺസിന് ഓൾഔട്ടാക്കിയശേഷം 59 പന്തിൽ വിജയം കാണുകയായിരുന്നു കൊല്ലത്തിന്റെ സെയ്‌ലേഴ്സ്.
കേരളത്തെ രഞ്ജി ട്രോഫി ഫൈനലിൽ വരെയെത്തിച്ച് ചരിത്രം കുറിച്ച ക്യാപ്ടൻ സച്ചിൻ ബേബിയാണ് ഇക്കുറിയും കപ്പിത്താനായി കൊല്ലത്തെ നയിച്ചത്. കഴിഞ്ഞ സീസണിൽ 528 റൺസ് നേടിയിരുന്ന സച്ചിൻ ബേബിക്ക് പക്ഷേ ഇക്കുറി സെമിവരെ 294 റൺസേ നേടാനായുള്ളൂ. നായകനുൾപ്പടെ ആദ്യ സീസണിലെ 11 താരങ്ങളെ ഈ സീസണിലും സെയ്‌ലേഴ്സ് ഒപ്പംകൂട്ടി. സച്ചിൻ ബേബി, എൻ.എം. ഷറഫുദ്ദീൻ , ബിജു നാരായണൻ, അഭിഷേക് ജെ. നായർ എന്നിവരെയാണ് ലേലത്തിന് മുമ്പ് ടീമിൽ നിലനിറുത്തിയത്. ഈ സീസണിൽ താരലേലത്തിലൂടെ ടീമിലെത്തിയവരിൽ ശ്രദ്ധേയൻ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദാണ്. കഴിഞ്ഞസീസണിൽ തൃശൂർ ടൈറ്റാൻസിനായി 438 റൺസടിച്ച് റൺവേട്ടയിൽ മൂന്നാമതെത്തിയിരുന്ന വിഷ്ണു ഇക്കുറി വൈസ് ക്യാപ്ടനായി സെമിവരെ 291 റൺസ് നേടി . ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരം അഖിൽ എം.എസും ഇത്തവണ കൊല്ലം ടീമിന്റെ ഭാഗമായിരുന്നു.
സീസൺ അവാർഡുകൾ
ചാമ്പ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് കൊച്ചി ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെ.സി.എൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി. ടൂർണ്ണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു.
കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് കെ.സി.എ ട്രഷറർ അബ്ദുൾ റഹ്മാൻ അഖിലിന് കൈമാറി. കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ട്രിവാൻഡ്രം റോയൽസ് ക്യാപ്ടൻ കൃഷ്ണപ്രസാദിന് കെ.സി.എ സെക്രട്ടറി വിനോദ് .എസ്.കുമാർ സമ്മാനിച്ചു. റോയൽസിന്റെ താരമായ അഭിജിത് പ്രവീണിനാണ് എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. ഫെയർ പ്ലേ അവാർഡ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് കെ.സി.എ ട്രഷറർ അബ്ദുൾ റഹ്മാനും കൂടുതൽ ഫോർ നേടിയ താരത്തിനുള്ള പുരസ്കാരം തൃശൂർ ടൈറ്റൻസിന്റെ അഹ്മദ് ഇമ്രാന് ഫിറ ഫുഡ്സ് സി.ഇ.ഒ ഷൈനും കൈമാറി.
പ്ലെയർ ഓഫ് ദ ടൂർണമെന്റ് – അഖിൽ സ്കറിയ (കാലിക്കറ്റ്)
പർപ്പിൾ ക്യാപ്പ് -അഖിൽ സ്കറിയ
ഓറഞ്ച് ക്യാപ്പ് – കൃഷ്ണപ്രസാദ് (ട്രിവാൻഡ്രം)
എമർജിംഗ് പ്ലെയർ -അഭിജിത് പ്രവീൺ (ട്രിവാൻഡ്രം)
ഫെയർ പ്ലേ – കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
കൂടുതൽ ഫോർ – അഹമ്മദ് ഇമ്രാൻ (തൃശൂർ)
കേരള ക്രിക്കറ്റിന്റെ തിളക്കം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. 2008-ൽ ഐ.പി.എല്ലിന്റെ വരവോടെ ക്രിക്കറ്റിന്റെ മുഖംതന്നെ മാറിയിരുന്നു. മറ്റ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ പുതിയ താരങ്ങളുടെ വരവിന് ഐ.പി.എൽ വഴിതുറന്നു. ഐ.പി.എൽ മാതൃകയിൽ പല സംസ്ഥാനങ്ങളും സ്വന്തം ലീഗുകൾ തുടങ്ങുകയും പുതിയ പ്രതിഭകൾക്ക് ചിറകു നൽകുകയും ചെയ്തു. അല്പം വൈകിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷനും ആ പാതയിലേക്ക് വരികയും കഴിഞ്ഞവർഷം ആദ്യ കെ.സി.എൽ സംഘടിപ്പിക്കുകയും ചെയ്തു. മുംബയ് ഇന്ത്യൻസിലൂടെ ഐ.പി.എല്ലിൽ കളിച്ച വിഘ്നേഷ് പുത്തൂരിന്റെ വരവിന് നിദാനമായത് ആദ്യ സീസൺ കെ.സി.എല്ലാണ്.
ആറു ടീമുകളെ സംഘടിപ്പിച്ച് ഒരു ലീഗ് നടത്തുകയെന്നത് കേരള ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയേയല്ല. എന്നാൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ പ്രചാരണം നൽകുകയും ദൃശ്യമാദ്ധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണമൊരുക്കുകയും കാണികളെ കൂടുതൽ ആകർഷിക്കാനായി സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം നൽകുകയുമൊക്കെ വഴി കെ.സി.എല്ലിനെ യുവാക്കൾക്കിടയിൽ തരംഗമാക്കിത്തീർക്കാൻ കെ.സി.എ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു എന്നതാണ് പ്രധാനം. സഞ്ജുവിന്റെ സാന്നിദ്ധ്യം കെ.സി.എല്ലിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിനു വേണ്ടി കളിച്ച ആറുമത്സരങ്ങളിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സുകൾ ലീഗിന് ഒന്നാകെയാണ് ആവേശമായത്. കേവലം സഞ്ജുവിൽ മാത്രം ഒതുങ്ങിനിൽക്കാതെ നിരവധി പുതിയ പ്രതിഭകളുടെ മികച്ച പ്രകടനത്തിനും കെ.സി.എൽ അരങ്ങൊരുക്കി.
ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കൃഷ്ണപ്രസാദ്, കൂടുതൽ വിക്കറ്റുകൾ നേടിയ അഖിൽ സ്കറിയ, അഹമ്മദ് ഇമ്രാൻ, സലി സാംസൺ, വിനൂപ് മനോഹരൻ, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ്, ജോബിൻ ജോബി, നിഖിൽ തോട്ടത്ത്, ജെറിൻ പി.എസ്, അഖിൽ കെ.ജി, അജീഷ്, മുഹമ്മദ് ആഷിക്, കൃഷ്ണദേവൻ, മനു കൃഷ്ണൻ, അഭിഷേക് ജെ.നായർ തുടങ്ങിയ താരങ്ങൾക്ക് ലോകത്തിനു മുന്നിൽ പ്രതിഭ പ്രദർശിപ്പിക്കാൻ ലഭിച്ച സുവർണാവസരമായിരുന്നു കെ.സി.എൽ. ഐ.പി.എൽ ടാലന്റ് ഹണ്ടിംഗ് ടീമുകൾ ഇവരിൽ പലരെയും നോട്ടമിട്ടിട്ടുണ്ട്. പുരുഷ ക്രിക്കറ്റിൽ ഒതുങ്ങാതെ വനിതാ ലീഗിലേക്കും ചുവടുവയ്ക്കുകയാണെന്ന കെ.സി.എയുടെ പ്രഖ്യാപനവും ആവേശം പകരുന്നു. നൂറുനൂറു പ്രതിഭകൾക്ക് കടന്നുവരാൻ വനിതാ കെ.സി.എൽ വഴിയൊരുക്കും.

































