കായികലോകം കയ്യടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – കെ .എസ്  രവിശങ്കർ

കളികളുടെ സുതാര്യമായ നടത്തിപ്പിനായും ഇപ്പോൾ എഐയുടെ സേവനം ഉപയോഗിക്കുന്നു. മത്സരങ്ങൾ നിയന്ത്രിക്കുവാൻ റഫറിമാർ ഉണ്ടെങ്കിലും ചിലപ്പോൾ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത പിഴവുകൾ കണ്ടെത്തി നീതി നടപ്പാക്കുവാൻ നിർമ്മിത ബുദ്ധിയുടെ സഹായം തേടുന്നു . ക്രിക്കറ്റിൽ എൽ.ബി.ഡബ്ലിയുവും അൾട്രാ എഡ്ജ് സ്‌നിക്കും ഗ്രൗണ്ടഡ് ക്യാച്ചും മറ്റും തിരിച്ചറിയുന്നത് ഇവയുടെ സഹായത്താലാണ്. ഇവിടെ സ്പൈഡർ ക്യാം ഉൾപ്പെടെയുള്ള ക്യാമറകളുടെ സഹായത്താൽ ലഭിക്കുന്ന വിഷ്വലുകൾ വിശലനം ചെയ്താണ് ഒരു തീരുമാനത്തിൽ എത്തുന്നത് . അതുപോലെ ഫുട്ബോളിൽ ഓഫ് സൈഡും പെനാൽറ്റിയും ഒക്കെ വിധിക്കുവാൻ നിയമം കീറി വിശകലനം ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ നിർമ്മിത ബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ലോകകപ്പ് പോലുള്ള മത്സരങ്ങളിൽ ചിപ്പുകൾ ഘടിപ്പിച്ച ഫുട്ബോളുകൾ ഉപയോഗിക്കുന്നതു കാരണം പന്ത് മൈതാനത്തിന്റെ അതിർത്തി കടക്കുന്നതും ഗോൾ ലൈൻ കടക്കുന്നതും ഒക്കെ കൃത്യമായി തിരിച്ചറിയാൻ കഴിയും . എഐ യോട് ബന്ധിപ്പിച്ചിട്ടുള്ള 16 ക്യാമറകളുടെ സഹായത്താൽ മത്സരങ്ങളിൽ ‘എൻഹാൻസ്ഡ് ഓട്ടോമാറ്റിക് ഓഫ് സൈഡ് ടെക്നോളജി’ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം ഫുട്ബോൾ റഫറിമാരുടെ തലവനായ പീർലുജി കൊളീന പ്രസ്താവിക്കുകയുണ്ടായി. അതുപോലെ റാക്കറ്റ് സ്പോർട്സുകളിൽ മത്സരത്തിനിടയിൽ ലൈൻ കോളുകൾ കൃത്യമായി നടത്തുന്നത് ‘ഹാക്ക് ഐ’ യുടെ സഹായത്താലാണ് . ബാഡ്മിന്റണിൽ 500 കിലോമീറ്റർ സ്പീഡിൽ വശങ്ങളിൽ പതിക്കുന്ന ഷട്ടിലിന്റെ കൃത്യത അളക്കാൻ ലൈൻ ജഡ്ജസിന്റെ നഗ്നനേത്രങ്ങൾക്ക് പിഴവ് പറ്റുമ്പോൾ അവിടെയും സഹായത്തിന് എത്തുന്നത് ഈ സംവിധാനം തന്നെയാണ്.

മത്സരങ്ങളുടെ ഘട്ടത്തിൽ മാത്രമല്ല, പരിശീലന സമയത്തും കളിക്കാരുടെ ദൗർബല്യങ്ങൾ മനസ്സിലാക്കാനും അത് പരിഹരിക്കാനും ഇപ്പോൾ പരിശീലകർ ആശ്രയിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സാങ്കേതികത തന്നെ. ഇവിടെ കളിക്കാരുടെ ദൗർബല്യങ്ങൾ മനസ്സിലാക്കി കമ്പ്യൂട്ടറിന്റെ സഹായത്താൽ സൃഷ്ടിച്ചെടുക്കുന്ന സാങ്കൽപ്പിക എതിരാളിയുടെ (വെർച്വൽ ഒപ്പോണന്റ് ) കളി രീതികൾ ആവശ്യാനുസരണം ക്രമീകരിക്കാം എന്ന സൗകര്യമുണ്ട് . ക്രിക്കറ്റിൽ പേസ് ആക്രമണം നേരിടാൻ തയ്യാറാക്കുന്നത് മനുഷ്യസഹജമായ വേഗതയിലും മുകളിൽ യന്ത്രത്തെ കൊണ്ട് പന്ത് എറിഞ്ഞു കൊണ്ടാണ് . അങ്ങനെ ആവശ്യമനുസരിച്ച് ഏത് രീതിയിൽ പന്തുകൾ പായിക്കാനും യന്ത്രത്തെ പരിഷ്കരിച്ചെടുക്കാൻ കഴിയും. ഈ രീതിയിൽ നിർമ്മിത ബുദ്ധി വഴി കളിക്കാരുടെ തെറ്റുകൾ തിരുത്തുകയും ശരികൾ കൂടുതൽ തേച്ചു മിനുക്കി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പണ്ടേ കളിക്കളത്തിൽ കേട്ടിരുന്ന ‘ക്യാച്ച് ദം യങ്’ എന്ന സ്കൗട്ടിംഗ് പ്രക്രിയ അതിന്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാൻ കഴിയുന്നത് ഇപ്പോഴാണ്. ഇന്ന് ഒരു കുട്ടിയുടെ ശരീരഘടനയും പേശി രൂപീകരണവും റിയാക്ഷൻ ടൈമും താല്പര്യവുമൊക്കെ കണക്കിലെടുത്ത് ഏത് കളിയിലേക്ക് പോകുന്നതാവും കൂടുതൽ ഉചിതം എന്നത് എ.ഐയുടെ സഹായത്താൽ പ്രവചിക്കാൻ കഴിയും. പണ്ട് പേശി തന്തുക്കൾ ശാസ്ത്രീയമായി പരിശോധിച്ചു ഫാസ്റ്റ് ട്വിച്ച് – സ്ലോച്ച് ട്വിച്ച് ഫൈബറുകളുടെ അനുപാതം അപഗ്രഥിച്ച് അയാൾ എക്സ്പ്‌ളോസിവ് ഇവന്റിലാണോ അതോ എൻഡുറൻസ് ഇവന്റിലാണോ മെച്ചമെന്ന് പറഞ്ഞിടത്ത് ഇപ്പോൾ അതിൽ തന്നെ നല്ലത് ഏതായിരിക്കുമെന്ന് കൃത്യമായി പറയാനുള്ള സാങ്കേതികവിദ്യ നമ്മുടെ മുന്നിലുണ്ട് . ഇളം പ്രായത്തിൽ തന്നെ പ്രകടമാക്കുന്ന സാങ്കേതിക മികവും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവും ആരോഗ്യസ്ഥിതിയും ഒക്കെ വിശകലനം ചെയ്ത് അവനിൽ അന്തർലീനമായിട്ടുള്ള കഴിവ് എത്രയെന്ന് കാട്ടിത്തരാൻ നിർമ്മിത ബുദ്ധിക്ക് സാധ്യമാണ് . കളികൾ എന്തായാലും പാശ്ചാത്യ നാടുകളിൽ കൗമാരം മാറാത്ത പ്രായത്തിൽ ലോകോത്തര കളിക്കാർ ഒന്നിനുപുറകെ ഒന്നായി അവതരിക്കുന്നതിന്റെ രഹസ്യം തേടിയുള്ള യാത്രകൾ ചെന്നെത്തുന്നത് വൈദ്യശാസ്ത്രവും നിർമ്മിത ബുദ്ധിയും സമ്മേളിക്കുന്ന ഇത്തരം പണിപ്പുരകളിലാണ് .
കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും കായികലോകത്തുള്ള നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം ആശങ്ക ഉളവാക്കുന്ന ഒന്നാണ്. ഏതൊരു സാങ്കേതികവിദ്യയുടെയും നന്മയും തിന്മയും അത് ഉപയോഗിക്കുന്നവരുടെ കരങ്ങളിലാണ് എന്ന കാര്യം ഇവിടെയും അന്വർത്ഥമാണ്. സ്വകാര്യ വിവരങ്ങൾ ഒത്തുചേർത്ത് ഒരാളെ പാകപ്പെടുത്തുമ്പോൾ അത് ചോർന്നു പോകാനും അവ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയും കാണേണ്ടതുണ്ട്.

അതുപോലെ വിവരം ശേഖരിക്കുമ്പോൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ ഉണ്ടാകുന്ന തെറ്റുകൾ ഇവയുടെ ഉപയോഗസമയത്ത് അപ്രതീക്ഷിതമായ ഫലങ്ങൾ ഉണ്ടാക്കുന്നു . നിർമ്മിത ബുദ്ധിയുടെ സഹായത്താൽ ചിത്രത്തിലും ശബ്ദത്തിലും വീഡിയോയിലും ഒക്കെ കാണിക്കാവുന്ന കൃത്രിമം ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നു മാത്രമല്ല, വിവരങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. കൂടാതെ കളിക്കാരെ തിരഞ്ഞെടുക്കുമ്പോഴും അവരെ ടീമിൽ ഉൾപ്പെടുത്തുമ്പോഴും സംഭരിക്കുന്ന തെറ്റായ വിവരങ്ങൾ പലപ്പോഴും എ.ഐ യുടെ പ്രയോഗത്തിൽ വിപരീതഫലം ആകും ഉണ്ടാക്കുക .
സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾക്കും ടീമുകൾക്കും വ്യക്തികൾക്കും എ.ഐ യുടെ സഹായത്താൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കളിക്കാരെ രണ്ട് തട്ടിലാക്കുന്നു . കഴിഞ്ഞ ദശകങ്ങളിൽ ഉത്തേജക മരുന്നുകളുടെ ഉപയോഗം കൊണ്ട് കളിക്കളത്തിൽ ഉണ്ടായിരുന്ന അസമത്വം നിർമ്മിത ബുദ്ധിയുടെ വരവോടെ കൂടുതൽ സങ്കീർണ്ണം ആകുന്ന അവസ്ഥയാണ് ഉള്ളത്. അത്‌ലറ്റുകൾ ഡ്രഗ്ഗുകൾ ഉപയോഗിക്കുന്നതും കണ്ടുപിടിക്കുന്നതും ശിക്ഷിക്കപ്പെടുന്നതും പിന്നെ ജീൻ ഡോപ്പിംഗ്, ജീൻ എഡിറ്റിംഗ് പോലെ കണ്ടെത്താനാകാത്ത വിദ്യകൾ ശാസ്ത്രം കൊണ്ടുവന്നതും ഒക്കെ കളിക്കളത്തിൽ അധാർമികമായി ഉണ്ടാകുന്ന ഇടപെടലുകൾ ആണ് . എന്നാൽ മരുന്നുകൾ നിരോധിക്കുന്ന പോലെ ഇത്തരം സാങ്കേതികവിദ്യകൾക്ക് നിരോധനം ഏർപ്പെടുത്തുക പ്രായോഗികമല്ല.

ഒരു മിടുക്കനെ കണ്ടുപിടിക്കുന്നതിനൊ പരിശീലന മുറകൾ തയ്യാറാക്കുന്നതിനോ കളിക്കളങ്ങളിൽ ന്യായം നടപ്പാക്കുന്നതിനൊ ഒന്നിനും എ.ഐയുടെ സാങ്കേതികത ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ കളിക്കളത്തിൽ ഒരു പക്ഷത്തിനു മാത്രം ‘അൺഡ്യൂ അഡ്വാന്റെജ്’ കിട്ടുന്ന തരത്തിൽ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ അവയെ ചെറുക്കേണ്ട ചുമതല കായിക ഭരണാധികാരികൾക്ക് ഉണ്ട് . വരും നാളുകളിൽ ഉത്തേജക മരുന്നുകൾക്ക് പുറമേ നിർമ്മിത ബുദ്ധിയുടെ സഹായവും ഇത്തരത്തിൽ കളിക്കാർക്ക് ഉണ്ടാകുകയാണെങ്കിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ പിന്നിട്ടു നിൽക്കുന്ന കൂട്ടർ കായികലോകത്ത് വീണ്ടും പിന്നോട്ട് പോകും.

( ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാളായി വിരമിച്ച ലേഖകൻ കായിക സംബന്ധമായ നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ബാഡ്മിന്റണിനെക്കുറിച്ചുള്ള പുസ്തകത്തിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1987,2015 വർഷങ്ങളിൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്റെ സംഘാടനത്തിൽ പങ്കാളിയായിരുന്നു.)

More From Author

ഹോക്കിയിലെഇന്ത്യൻ റോമിയോ

കെ.സി.എല്ലിൽ കൊച്ചി രാജാവ്